കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി: നിയമാവലി

കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി: നിയമാവലി

(സ്ഥലപരിമിതി മൂലം പദ്ധതിയുടെ അപേക്ഷാ ഫോറത്തിൽ ഭാഗികമായ നിയമാവലി മാത്രമാണ് ചേർത്തിട്ടുള്ളത്.)

 

പദ്ധതി; ഉദ്ദേശ ലക്ഷ്യങ്ങള്‍..?

ഈ പദ്ധതിയില്‍ അംഗമായിരിക്കെ, അകാല മൃത്യു വരിക്കുന്നയാള്‍, പദ്ധതിയുടെ അപേക്ഷയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അനന്തരാവകാശികള്‍ക്ക്  ആറു ലക്ഷം ഇന്ത്യന്‍  രൂപയും, പദ്ധതി നിയമാവലി നിഷ്കര്‍ഷിച്ച പ്രകാരം, പദ്ധതി അംഗങ്ങള്‍ക്ക് ചികിത്സാ സഹായവും ലഭ്യമാക്കുക എന്നതാണ് ഉദ്ധേശ ലക്ഷ്യം.

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്, നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ രൂപീകരിച്ചിട്ടുള്ള കെ.എം.സി.സി കേരള ട്രസ്റ്റ് ആണ് ഇന്ത്യയില്‍ ചുമതലകള്‍ നടപ്പിലാക്കുന്ന സമിതി.

ആര്‍ക്കെല്ലാമാണ് ഈ പദ്ധതിയില്‍അംഗങ്ങളായി ചേരാന്‍ സാധിക്കുക..?

കെ.എം.സി.സി യുടേയും അതിന്‍റെ മാതൃസംഘടനയുടേയും നിശിത വിമര്‍ശകരോഅത്തരം സംഘടനകളില്‍ അംഗങ്ങളോ അല്ലാത്ത, തീവ്രവാദമോ വര്‍ഗീയതയോ പ്രോത്സാഹിപ്പിക്കാത്ത കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സഊദി അറേബ്യയില്‍ നിയമ വിധേയമായ ഇഖാമയോടെ മാത്രം താമസിക്കുന്ന ഏതൊരു കേരളീയനും  (ജോലി ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, കുട്ടികള്‍) മത, രാഷ്ട്രീയ വേര്‍തിരിവുകള്‍ ഇല്ലാതെ ഈ പദ്ധതിയില്‍ അംഗങ്ങളാകാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി ഒരു അംഗത്വം മാത്രമേ സാധുവാകുകയുള്ളൂ. കാര്യ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ അംഗത്വം സ്വീകരിക്കുന്നതിനും ഏത് സമയവും നിരാകരിക്കുന്നതിനുമുള്ള പൂര്‍ണ്ണാധികാരം കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.

നാഷണൽ കമ്മറ്റി ഉപസമിതിയുടെ നിർദ്ദേശം അംഗീകരിച്ച് കൊണ്ട് 2020 വര്ഷം മുതൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ച് പോന്ന ആളുകൾക്കും പദ്ധതിയിൽ അംഗത്വം നൽകുന്നതാണ്. പക്ഷെ സൗദി അറേബിയയിൽ വെച്ച് ചുരുങ്ങിയ പക്ഷ മൂന്ന് വർഷമെങ്കിലും തുടർച്ചയായി പദ്ധതിയിൽ അംഗമായിട്ടുള്ള ആളുകൾക്ക് മാത്രമേ പദ്ധതിയിൽ നാട്ടിൽ നിന്നും അംഗത്വം നൽകുകയുള്ളൂ. ഇങ്ങിനെ ചേരാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായോ കോഴിക്കോടുള്ള ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടോ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഫൈനൽ എക്സിറ്റിൽ പോന്നവർക്ക് നാട്ടിൽ വെച്ച് പദ്ധതിയിൽ ചേരാനുള്ള പദ്ധതി വിഹിതം ആയിരത്തി അഞ്ഞൂറ് ഇന്ത്യൻ രൂപയായിരിക്കും. ഓൺലൈനായി നാട്ടിൽ നിന്നും ചേരുന്നവർ നടപടിക്രമങ്ങൾക്ക് മുൻപായി 8075580007 എന്ന നമ്പറിൽ ബന്ധപ്പെട്ട് പോയ മൂന്നു വർഷങ്ങളിലെ അംഗത്വം പുനഃപരിശോധിക്കേണ്ടതാണ്. നാട്ടിൽ നിന്നും പദ്ധതി അംഗമാകുന്നവർക്ക് മരണാനന്തര ആനുകൂല്യമായി പരമാവധി നാല് ലക്ഷം രൂപയായിരിക്കും ലഭിക്കുക. ചികിത്സാ ആനുകൂല്യങ്ങൾ മുമ്പ് കൈപറ്റിയിട്ടുണ്ടെങ്കിൽ അത് കഴിച്ച് ബാക്കിയുള്ള സംഖ്യയായിരിക്കും ആനുകൂല്യമായി നൽകുക. ചികിത്സാ ആനുകൂല്യങ്ങൾ മറ്റുള്ളവരുടേതിന് സമാനമായിട്ടായിരിക്കും നൽകുക.

പദ്ധതിയില്‍ എങ്ങിനെ അംഗത്വം ലഭിക്കും,,?

കെ.എം.സി.സി കേരള ട്രസ്റ്റിന്‍റെ സുരക്ഷാ പദ്ധതിയുടെ നിയമാവലി വായിച്ചു ബോധ്യപ്പെട്ടു അംഗീകരിക്കുന്നവര്‍ അതാത് വര്‍ഷത്തെ അപേക്ഷാ ഫോറത്തില്‍, അംഗീകാരമുള്ള കെ.എം.സി.സി യുടെ കീഴ്ഘടകങ്ങള്‍ മുഖേനെ  അപേക്ഷ സമര്‍പ്പിക്കണം  അതോടൊപ്പം അതാത് വര്‍ഷങ്ങളില്‍ തീരുമാനിച്ചിട്ടുള്ള അംഗത്വ വിഹിതവും നല്‍കേണ്ടതാണ്. നിയമാവലിയില്‍ നിഷ്കര്‍ശിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പദ്ധതി അംഗങ്ങള്‍ പൂര്‍ണ്ണ സമ്മതത്തോടെ നല്‍കുന്ന സംഭാവനയായിരിക്കും ഈ വിഹിതം. 

 

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mykmcc.org എന്ന സൈറ്റിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതിയില്‍ ഭാഗവാക്കാകാവുന്നതാണ്. നേരിട്ട് ഓണ്‍ലൈന്‍ പെയ്മെന്റ് നടത്തിയോ ലിസ്റ്റില്‍ നിന്നും കോര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്ത് അവര്‍ മുഖേനെയോ, അതാത് പ്രദേശത്തെ സെന്‍ട്രല്‍ കമ്മറ്റി ഓഫീസ് മുഖേനെയോ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

 

പദ്ധതി മെമ്പര്‍ഷിപ്പ് പ്രചാരണ കാലത്ത് ഏതു  ദിവസങ്ങളില്‍ അംഗത്വം നേടിയാലും, ആദ്യമായി പദ്ധതിയില്‍ ചേരുന്നവരുടെ അംഗത്വം മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരേയായിരിക്കും, ഈ കാലയളവില്‍ നടക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുകയുള്ളൂ.

പോയ വര്‍ഷം പദ്ധതിയില്‍ അംഗമായവര്‍ക്ക് അംഗത്വം പുതുക്കുന്നതോടെ പുതിയ വര്‍ഷം മുഴുവന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

എല്ലാ വര്‍ഷവും ഒക്റ്റോബർ മുതൽ ഡിസംബർ 15 വരേ അംഗത്വം പുതുക്കുന്നതിന്നും പുതിയ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിന്നുമുള്ള പ്രചാരണ കാലാവധിയായിരിക്കും.  ഈ കാലയളവില്‍ ലീവിന് നാട്ടില്‍ പോകുന്ന പഴയ അംഗങ്ങള്‍ സുഹൃത്തുക്കള്‍ മുഖേനെയോ ഓണ്‍ലൈനായോ മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ കൈകൊള്ളേണ്ടതാണ്. അതേസമയം ഏതെങ്കിലും രോഗത്തിന് ചികിത്സക്കായി നാട്ടിൽ പോയവരെ വിസാ കാലാവധി അവസാനിച്ച ശേഷം ആരെങ്കിലും എഴുതി ചേർത്താൽ, ആ അംഗത്വം തിരിച്ചറിയുന്ന സമയത്ത് റദ്ധാക്കാൻ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും.

സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അംഗത്വ കാര്‍ഡുകളോ കൂപ്പണുകളോ കമ്മറ്റി വിതരണം ചെയ്യുന്നതല്ല. അതേസമയം അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ അംഗത്വ നടപടികള്‍ പൂര്‍ത്തീകരിച്ച് നാഷണല്‍ കമ്മറ്റി അവരില്‍ നിന്നും അംഗത്വ വിവരങ്ങളും തുല്യമായ പദ്ധതി വിഹിതവും കൈപറ്റി കഴിഞ്ഞാല്‍ ഓരോ അംഗത്തിനും അംഗത്വം സ്ഥിരീകരിച്ചതായി SMS സന്ദേശം അയക്കുന്നതാണ്. സ്വന്തം ഇഖാമ നമ്പര്‍ ഉപയോഗിച്ച് കമ്മറ്റിയുടെ വെബ്സൈറ്റില്‍ നിന്നും അംഗത്വം പരിശോധി ക്കാവുന്നതും, സ്വന്തം അംഗത്വ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്. ഈ കാർഡ് അംഗത്വ രേഖയായി പരിഗണിക്കുന്നതാണ്.

പദ്ധതി വിഹിതം ട്രസ്റ്റ് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതോടെ മാത്രമേ അംഗത്വം നിലവില്‍ വരികയുള്ളൂ. ഇതിനായി നാഷണല്‍ കമ്മറ്റി നിര്‍ദ്ദേശിക്കുന്ന ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. എന്നാണോ കമ്മറ്റി വിഹിതം കൈപറ്റുന്നത് അതിന് തൊട്ടടുത്ത ദിവസം മുതലുള്ള അത്യാഹിതങ്ങള്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുകയുള്ളൂ, ഇതില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷാ ഫോറത്തില്‍ മരണപ്പെട്ട വ്യക്തി അവകാശിയായി എഴുതിയ ആള്‍ക്ക് മാത്രമേ സഹായം കൈമാറൂ. ഏതെങ്കിലും കാരണവശാല്‍ അവകാശികളുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ പരാതിയോ ഉണ്ടായാല്‍ ട്രസ്റ്റ് എടുക്കുന്ന തീരുമാനം അന്തിമവും ഏതെങ്കിലും നിലക്ക് ചോദ്യം ചെയ്യാന്‍ കഴിയാത്തതുമായിരിക്കും. ഏതെങ്കിലും ഘട്ടത്തില്‍ അലംഘനീയമായ വിധി കാരണം മരണസംഖ്യ കൂടുകയും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നാഷണല്‍ കമ്മറ്റിക്ക് സാമ്പത്തിക ബാധ്യത തടസ്സമാവുകയും ചെയ്യുന്ന പക്ഷം പദ്ധതി മെമ്പര്‍മാരില്‍ നിന്നും വീണ്ടും സഹായം തേടുന്നതും, ഇതുമായി മുഴുവന്‍ മെമ്പര്‍മാരും നിര്‍ബന്ധമായും സഹകരിക്കേണ്ടതുമാണ്.

ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തി, അദ്ദേഹത്തിൻ്റെ അംഗത്വം നിലവിൽ വരുന്ന മാർച്ച് ഒന്നിന് മുമ്പ് നാട്ടിലേക്ക് പോവുകയും തിരിച്ച് വരാതിരിക്കുകയും ചെയ്തിട്ടുണ്ടെകിൽ അദ്ദേഹത്തിൻ്റെ അംഗത്വം റദ്ധാക്കപ്പെടും.  പ്രസ്തുത അംഗത്തിന്റെ പേര് ഓൺലൈനിൽ ഉള്ളത് കൊണ്ടോ മെസ്സേജ് ലഭിച്ചത് കൊണ്ടോ ചികിത്സാ ആനുകൂല്യങ്ങളോ മരണാനന്തര ആനുകൂല്യങ്ങളോ ഒരിക്കലും നൽകുന്നതല്ല. ഇങ്ങിനെയുള്ള പേരുകൾ പദ്ധതിയുടെ എല്ലാ രേഖകളിൽ നിന്നും ഉടനെ നീക്കം ചെയ്യുന്നതുമാണ്.

ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക്  ഏതെങ്കിലും ഒരു കെ.എം.സി.സി കോ ഓർഡിനേറ്റർ നേരിൽ കണ്ട് ബോധ്യപ്പെട്ട് മാത്രമേ പദ്ധതിയിൽ അംഗമാകാൻ പറ്റൂ. കഴിഞ്ഞ വർഷം പദ്ധതിയിൽ ചേരാത്ത ഒരു വ്യക്തിയെ അയാൾ നാട്ടിൽ പോയ ശേഷം മറ്റാരെങ്കിലും പേരെഴുതിയിട്ട്  അംഗമാക്കിയാൽ പദ്ധതിയിൽ നിന്നും ഒരാനുകൂല്യവും നൽകുന്നതല്ല. ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തി നിർബന്ധമായും ചേരുന്ന സമയത്ത് സൗദി അറേബ്യയിൽ ഹാജരുണ്ടായിരിക്കണം.  

സദുദ്ധേശപരമല്ലാതെ പദ്ധതി ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തുക എന്ന ഗൂഡ ലക്ഷ്യത്തോടെ ഗുരുതര രോഗങ്ങള്‍ക്ക്  വിധേയരായവരേയോ മരണാസന്നരായവരേയോ ചികിത്സ നടന്ന് കൊണ്ടിരിക്കുന്നവരെയോ മെമ്പര്‍മാരാക്കിയതായി ഉപസമിതിക്ക് ബോധ്യപ്പെടുന്ന പക്ഷം, പദ്ധതിയുടെ ധാര്‍മ്മികത മുന്‍നിര്‍ത്തി  ചികിത്സാ സഹായമോ മരണാനന്തര ആനുകൂല്യമോ നല്‍കാതെ ഏത് സമയവും അപേക്ഷ തിരസ്ക്കരിക്കുവാന്‍ ട്രസ്റ്റിന് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും.

ആരുടെയെങ്കിലും കയ്യിൽ കെ.എം.സി.സി സുരക്ഷാ പദ്ധതിയുടെ കൂപ്പൺ ഉണ്ട് എന്നതിനാൽ അദ്ദേഹം ഒരിക്കലും സുരക്ഷാ പദ്ധതിയിൽ മെമ്പറായി കാണുന്നതല്ല, മറിച്ച് അദ്ദേഹം തൻ്റെ സംഭാവന നൽകി നടപടികൾ പൂർത്തീകരിച്ചാൽ അദ്ദേഹത്തിന്റെ പേര് വിവരങ്ങൾ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും, അവിടെ പേരുണ്ടെങ്കിൽ മാത്രമേ അംഗമായി പരിഗണിക്കുകയുള്ളൂ. കാരണം അപേക്ഷാ ഫോറങ്ങൾ വാങ്ങി വെക്കുകയും അത് തിരിച്ച് നൽകി നടപടികൾ പൂർത്തിയാക്കാതെയും സംഭാവനാ വിഹിതം നൽകാതെയും ധാരാളം ആളുകൾ നിസ്സഹകരിക്കാറുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ അവരുടെ പക്കൽ നിന്നും കൂപ്പൺ കണ്ടെടുത്തു എന്നത് കൊണ്ട് അവർ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കില്ല എന്നർത്ഥം.  

 

പദ്ധതിയുടെ ഓൺലൈനിലുള്ള പി.ഡി.എഫ് ഫോറം പൂരിപ്പിച്ച് പദ്ധതിയിൽ ചേരുന്നവർ, പ്രസ്തുത ഫോറത്തിൽ അതാത് പ്രദേശത്തെ കെ.എം.സി.സി കമ്മറ്റികളുടെ  സീൽ പതിക്കുകയോ ഔദ്യോഗിക മുദ്ര രേഖപ്പെടുത്തുകയോ ഒപ്പ് രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിൽ ഉപരിയായി, ഈ മുദ്രകൾ നോക്കി പരിചിതനായ കെ.എം.സി.സി പ്രവർത്തകരിൽ നിന്ന് മാത്രം അപേക്ഷാ ഫോറങ്ങൾ വാങ്ങി പദ്ധതിയിൽ ഭാഗവാക്കാൻ പാടുള്ളൂ

 

അനുബന്ധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:

ഈ നിയമാവലിക്ക് അനുബന്ധമായി പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന കീഴ്ഘടകങ്ങള്‍ പാലിച്ചിരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി അതാത് സമയങ്ങളില്‍ എത്തിച്ച് നല്‍കുന്നതാണ്, ഇത്തരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം പ്രസ്തുത കമ്മറ്റികളുടെ ലിസ്റ്റിന് അംഗീകാരം ഉണ്ടായിരിക്കുന്നതല്ല.

ഈ പദ്ധതിയില്‍ എങ്ങിനെയാണ് അംഗത്വം നഷ്ടപ്പെടുക.?

സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി നിയമാവലിയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ ഏതെങ്കിലും അഗം ലംഘിക്കപ്പെട്ടതായി തെളിയുകയാണെങ്കില്‍ ഏത് സമയത്തും പ്രസ്തുത അംഗത്വം റദ്ദു ചെയ്യാന്‍ ട്രസ്റ്റിന് അധികാരമുണ്ടായിരിക്കുന്നതാണ്.

അംഗത്വ പുന:പരിശോധന:

കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി ഔദ്യോഗിക വെബ്സൈറ്റില്‍ (mykmcc.org)  പ്രസിദ്ധീകരിക്കുന്ന സുരക്ഷാ പദ്ധതി മെമ്പര്‍മാരുടെ ലിസ്റ്റ് പരിശോധിച്ച് കീഴ്ഘടകങ്ങളും വ്യക്തികളും അംഗത്വം ഉറപ്പ് വരുത്തേണ്ടതാണ്.

ഈ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യം എങ്ങിനെയാണ് ലഭിക്കുക?

പദ്ധതിയിൽ നിന്നും ആനുകൂല്യത്തിനായുള്ള മാനദണ്ഡം, നിയമപരമായി പദ്ധതി അംഗമാവുക, തുടർച്ചയായ അംഗമാവുക, നിയമാവലിയിൽ പറഞ്ഞ രോഗങ്ങൾക്ക് ചികിത്സ നടക്കുക എന്നിവ മാത്രമായിരിക്കും. സാമൂഹിക-സാമ്പത്തിക പരാധീന ചുറ്റുപാടുകളോ സംഘടനാ ബന്ധമോ ഒരു നിലക്കും ആനുകൂല്യത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുകയില്ല. കാരണം ഇത് കൃത്യമായ നിയമാവലിയുള്ള ഒരു പരസ്പ്പര സഹായ പദ്ധതിയാണ്.


പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് സ്വദേശത്തോ വിദേശത്തോ വെച്ച് കാലാവധിക്കിടയില്‍ മരണം സംഭവിച്ചാല്‍ അദ്ദേഹം അപേക്ഷാഫോറത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അവകാശി, ട്രസ്റ്റ് നിര്‍ദ്ദേശിക്കുന്ന രേഖകള്‍ സഹിതം, അതത്  സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേനെ അപേക്ഷ നല്‍കണം. ഏതെങ്കിലും കാരണവശാല്‍ (അപകടങ്ങള്‍, ദുരന്തങ്ങള്‍) നിര്‍ദേശക/നിര്‍ദേശകന്‍ കൂടി മരിച്ചാല്‍, ആനുകൂല്യം ലഭിക്കുന്നതിനുള്ള അവകാശി ആരെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അന്വേഷണം നടത്തി തീരുമാനമെടുക്കും. ഈ തീരുമാനവും അന്തിമമായിരിക്കും. ഒരു കാരണവശാലും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉപസമിതി അംഗീകരിച്ച അപേക്ഷകളില്‍ നാഷണല്‍ കമ്മറ്റിയായിരിക്കും  ആനുകൂല്യം വിതരണം ചെയ്യുന്നത്, ഇത് എങ്ങിനെ വേണം എന്ന് തീരുമാനിക്കുന്നത് പൂര്‍ണ്ണമായും നാഷണല്‍ കമ്മറ്റിയായിരിക്കും.

ചികിത്സാ ആനുകൂല്യം : പദ്ധതി കാലാവധി സമയത്ത് ഒരു അംഗത്തിന് പുതുതായി കാന്‍സര്‍ കിഡ്നി രോഗങ്ങള്‍ കണ്ടെത്തുക. ഹൃദയ സംബന്ധമായ രോഗത്തിന് സര്‍ജറി നടത്തുക, ജോലി ചെയ്ത് ജീവിക്കുവാന്‍ സാധിക്കാത്ത രൂപത്തില്‍ അപകടങ്ങള്‍ സംഭവിക്കുക എന്നീ ഘട്ടങ്ങളില്‍ ആവശ്യമായ രേഖകള്‍ സഹിതം കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ടതാണ്. ഇത്തരം ഘട്ടങ്ങളില്‍, എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷം ഉപസമിതിക്ക് ഉചിതമെന്ന് ബോധ്യപ്പെടുന്ന സംഖ്യ ചികിത്സാ ആനുകൂല്യമായി നല്‍കുന്നതാണ്. തുടര്‍ച്ചയായി പദ്ധതിയില്‍ അംഗമായിട്ടുള്ള അംഗത്തിന് കൂടുതല്‍ പരിഗണന നല്‍കുക എന്നത് സുപ്രധാന മാനദണ്ഡമായിരിക്കും.   ഇക്കാര്യത്തില്‍ ഉപസമിതി തീരുമാനം അന്തിമമായിരിക്കും. പദ്ധതി അംഗമാവുന്നതിന് മുന്‍പ് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ കണ്ടെത്തുകയോ ചികിത്സ തേടിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവര്‍ക്ക്  പദ്ധതിയില്‍ നിന്നും ചികിത്സാ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല, ഒരേ രോഗത്തിന് ഒന്നിലധികം തവണ പദ്ധതിയില്‍ നിന്നും ആനുകൂല്യം നല്‍കുന്നതല്ല, ചികിത്സാ സഹായം കൈപറ്റിയ അംഗം പദ്ധതി അംഗമായിരിക്കെ മരണപ്പെടുകയാണെങ്കില്‍ പ്രസ്തുത വിഹിതം കഴിച്ചുള്ള സംഖ്യ മാത്രമേ ആനുകൂല്യമായി നല്‍കുകയുള്ളൂ, അതായത് ഒരു അംഗത്തിന് എത്ര വർഷം പദ്ധതിയിൽ അംഗമായാലും ആനുകൂല്യമായി പരമാവധി ലഭിക്കുന്ന തുക ആറ് ലക്ഷം രൂപയായിരിക്കും.


കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഓരോ വർഷത്തേക്ക് മാത്രമാണ് നടത്തപ്പെടുന്നതും, അംഗങ്ങളെ ചേർക്കുന്നതും. പ്രസ്തുത വർഷം അവസാനിച്ചു കഴിഞ്ഞാൽ ആ പദ്ധതി തന്നെ അവസാനിക്കുകയാണ്. അങ്ങിനെ അവസാനിച്ച ഏതെങ്കിലും വർഷത്തെ പദ്ധതിയിൽ അംഗമായിരുന്നു എന്ന് തെളിയിച്ച് കൊണ്ട്, പദ്ധതി കാലാവധി അവസാനിച്ച ശേഷം ആരെങ്കിലും ആനുകൂല്യത്തിനായി സമീപിച്ചാൽ കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിക്കോ, കെ.എം.സി.സി കേരളാ ട്രസ്റ്റിനോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. നിയമപരമായി അത്തരം അപേക്ഷകൾ നിലനിക്കുന്നതും ആയിരിക്കുകയില്ല. 


അധിക വിവരങ്ങൾക്കായി central committee instructions എന്ന പേജ് കൂടി വായിക്കുക.